Thursday, November 15, 2012

മലയാളം സാറും പരിശുദ്ധമായ ചാണകവും


   'മലയാളം സാറും പരിശുദ്ധമായ ചാണകവും' അഥവാ 'മണകുണാഞ്ചനായ ഞാന്‍' എന്ന കഥയാണ് ഇവിടെ പറയാന്‍ പോകുന്നത്.
           ഈ കഥയില്‍ ചാണകം ചെറിയ തോതില്‍ ഒരു വില്ലന്‍ വേഷം ചെയ്യുന്നുണ്ട്.ചെറുതാണെങ്കിലും അത് വളരെ പവറുള്ളതാണെന്ന് ഓര്‍ക്കുക.വേണമെങ്കില്‍ നമ്മള്‍ ബ്ലോഗര്‍മാര്‍ക്ക്,ഈ ചാണകം എന്ന സുന്ദരസുരഭിലമായ പ്രതിഭാസത്തെ 'ഡങ്ക് കേക്ക്' എന്ന് വിശേഷിപ്പിക്കാം.ഇങ്ങനെ ചെയ്യുന്നതില്‍ ഈ പാവപ്പെട്ട ബ്ലോഗര്‍ക്ക് ചുമ്മാ സന്തോഷമേയുള്ളൂ.നമ്മള്‍ പുരോഗമനസാഹിത്യത്തിന്‍റെ ആള്‍ക്കാരാണല്ലോ?പുരോഗമനവാദികള്‍!!!.,.
           പിന്നെ ഇതിലെ ലൊട്ടുലൊടുക്ക് കഥാപാത്രങ്ങളാണ് ബുദ്ധിരാക്ഷസനായ മലയാളം സാര്‍, തരുണീമണിയെന്നു സ്വയം വിശ്വസിക്കുന്ന ഒരു മുട്ടാളത്തിപ്പെണ്ണ്,അവര്‍ നേതൃത്വം കൊടുക്കുന്ന ഒരു പറ്റം പെണ്ണുങ്ങള്‍,മണകുണാഞ്ചനായ ഞാന്‍ പിന്നെ സമരവീരന്മാരായ കുറെ കുട്ടികളും.
                                                                                  

           മലയാളം പരീക്ഷയുള്ള ദിവസങ്ങളില്‍ പഠനം കൊടിയ പാപവും വായന നിഷിദ്ധവുമാണ്!ഞാന്‍ ഈ സമത്വസുന്ദരമായ തത്ത്വത്തിന്‍റെ കര്‍ത്താവായിരുന്നതിനാല്‍ അന്നേദിവസം യാതൊന്നും പഠനം ചെയ്യാതെയാണ്  മലയാളം പരീക്ഷയെ നേരിടാന്‍ സ്കൂളിലേക്ക് പുറപ്പെട്ടത്.പിന്നെ കുറച്ച് ലേറ്റസ്ററ് കഠ്കഠോരമായ വാക്കുകള്‍ മനസ്സില്‍ സ്റ്റോക്ക് ചെയ്തുവച്ചിരുന്നു.ഇങ്ങനെ ശകലം വാക്കുകളുടെ അറിവും കുറച്ച് ഭക്ഷണവും ആയിട്ടാണ് ഞാന്‍ പരീക്ഷക്ക് തയ്യാറായി പോയത്.ചെന്ന് തെല്ലു വൈകാതെ പരീക്ഷ ആരംഭിച്ചു.ചോദ്യപേപ്പര്‍ കിട്ടിയപാടെ ഞാന്‍ എല്ലാ ചോദ്യങ്ങളും ഒന്ന് കയ്യാളി പരിശോധിച്ചു.ങും!നമ്മള്‍ ബ്ലോഗര്‍മാരുടെ തലയെടുപ്പിനെ വെല്ലുവിളിക്കുന്ന ചോദ്യങ്ങള്‍ നന്നേ കുറവായിരുന്നെങ്കിലും ഞാന്‍ ഒന്ന് ഇരുത്തി,സാവധാനം പ്രാര്‍ത്ഥിച്ചു.ബ്ലോഗറല്ലേ?
                     "എന്‍റെ ബ്ലോഗ് ഭഗവതി!.....അനുഗ്രഹം കടാക്ഷിക്കുവിന്‍!!!"".,"
      പ്രാര്‍ത്ഥനയുടെ ഫലമെന്നവണ്ണം ഉത്തരങ്ങളും കുണ്ടാമണ്ടി സാഹിത്യങ്ങളും ഈ തൂലികയില്‍ നിന്ന് സുഭിക്ഷമായി വന്നു തുടങ്ങി.ബ്ലോഗ് ഭഗവതി നിരുപാധികം കടാക്ഷിച്ചിരിക്കുന്നു.അങ്ങനെ സാഹിത്യരചന കേമമായി നടന്നുകൊണ്ടിരുന്നപ്പോള്‍,ചോദ്യപേപ്പറിലെ ഒരു ചോദ്യം കണ്ട് ഞാന്‍ ലേശം ഭയന്നു.വേണമെങ്കില്‍ ഭയനിര്‍ഭ്രണനായി എന്നും പറയാം.ചോദ്യങ്ങള്‍ക്ക് ഉത്തരം ക്ഷാമമാകുന്നത് എന്തിന്‍റെ ദുസ്സൂചനയാണ്?ഞാന്‍ ഒന്നുകൂടി ചോദ്യം വായിച്ചു.
      'ഉപന്യാസം രചിക്കുക, വിഷയം:പ്രകൃതിനാശവും സംരക്ഷണവും'
          ഇതെന്തൊരു കൊസ്രാകൊള്ളി ചോദ്യമാണ്?ഈ പ്രകൃതിയെക്കുറിച്ചൊക്കെ  എന്ത് മാങ്ങയാണ് എഴുതാനുള്ളത്?പ്രകൃതിസംരക്ഷണം!മാങ്ങാത്തൊലി!....പക്ഷെ.......ഇപ്പോള്‍ എഴുത്തില്‍ നിന്ന് പിന്മാറിയാല്‍........ ഒരുപക്ഷെ അതെന്‍റെ ഭാവിയെ സാരമായി വിറപ്പിച്ചേക്കാം.എന്തിനു സാഹസത്തിനു മുതിരുന്നു? ബ്ലോഗ്പരമ്പരയുള്ള ഒരു വിപ്ലവവീരനല്ലേ ഞാന്‍.?നാട്ടിലെ ചില ബുദ്ധിജീവികള്‍ വളരെ രഹസ്യമായി  എന്നെ സാക്ഷാല്‍ മണകുണാഞ്ചന്‍ എന്ന് വിശേഷിപ്പിക്കുമെങ്കിലും,...........ഒരു കാര്യം പറയട്ടെ...............ഞാന്‍ ഒരു അവാച്യമായ സംഭവം തന്നെയാണ്!!..പിന്നെ ഒന്നും ചിന്തിച്ചില്ല.ബ്ലോഗുകളായ സര്‍വ ബ്ലോഗുകളുടെയും മുത്തികളെ ഞാന്‍ മനസ്സാ ആവാഹിച്ചു.എന്നിട്ട് സധൈര്യം സുഭിക്ഷരചന വീണ്ടും തുടങ്ങി.പക്ഷെ..... ആ ശ്രമം വിചാരിച്ചപോലെ ഫലപ്രദമായില്ല.സംഭരിച്ചുവെച്ച വാക്കുകളുടെ സ്റ്റോക്ക് തീര്‍ന്നതുപോലെ അത് സഡന്‍ ബ്രേക്കിട്ടു.
         ശ്ശെടാ!കുണ്ടാമണ്ടി സാഹിത്യം സുലഭമായി കാച്ചാന്‍ ഇനി എന്ത് വഴി?ഒരു ദീര്‍ഘമായ ആലോചനക്കു ശേഷം ഒരു കിടിലന്‍ വിപ്ലവം രംഗത്തിറക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.വിഷയം പ്രകൃതിനാശവും സംരക്ഷണവും.അതെ,എന്തുകൊണ്ട് സുന്ദരവും സുരഭിലവും സുഗന്ധവാഹിയുമായ ചാണകം എന്ന ഇതിഹാസത്തെക്കുറിച്ച്  ഒരു വിപ്ലവരചന നടത്തിക്കൂടാ?ഒരു ബ്ലോഗര്‍ എന്ന നിലക്ക് അതിനുള്ള തൂലികാവകാശം അങ്ങ് മോളീന്ന് അനുവദിക്കപ്പെട്ടിട്ടുള്ളതാണ്.പക്ഷെ ഉത്തരപേപ്പറില്‍ എങ്ങനെ ചാണകം എന്ന് എഴുതും?...വേണ്ട....ചാണകം എന്ന് വേണ്ട.'ഡങ്ക് കേക്ക്' എന്നാവാലോ?..ഡങ്ക് കേക്ക്!!അങ്ങനെ എഴുത്ത് ഇപ്രകാരം തുടങ്ങി:
      'ഡങ്ക് കേക്ക് നല്ല ഒന്നാം നമ്പര് സാധനമാണ്.നാം അതിന്‍റെ സംരക്ഷണത്തില്‍ വളരെ ശ്രദ്ധ കേന്ദ്രീകരിച്ച് അതിന്‍റെ പ്രശസ്തി വാനോളം ഉയര്‍ത്തുക എന്നത് വളരെ അനിവാര്യമാണ്.വളരെ പൂക്കള്‍ചൂടി വിജയശ്രീലാളിതയായി നില്‍ക്കുന്ന ഒരു വൃക്ഷത്തിന്‍റെ പിന്നില്‍ ഡങ്ക് കേക്ക് എന്ന പ്രതിഭാസത്തിന്‍റെ കരവിരുത് ഒളിഞ്ഞു കിടപ്പുണ്ട്.ഇത് നാം നിസ്സാരമായി തള്ളികളയേണ്ട ഒരു സംഗതിയല്ല.ഗാഢമായി ചിന്തിച്ച് കൂലങ്കഷമായ ഒരു ഇടിവെട്ട് വിപ്ലവത്തിലേക്കെത്തെണ്ട ഒരു മഹനീയ വിഷയം തന്നെയാണ്.പശു നമുക്ക് പാല്‍ തരുന്നു.പക്ഷേ അതേ പശു തന്നെ നമുക്ക് ഡങ്ക് കേക്ക് തരുന്നുണ്ടെന്നുള്ള കാര്യം നമുക്ക് അജ്ഞാതമാണ്.അത് നമ്മള്‍ അറിയുന്നില്ല.കാരണമെന്ത്?........'
        അങ്ങനെ ഉപന്യാസം മുഴുമിപ്പിച്ച് വളരെ ഭംഗിയായി പരീക്ഷ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞ കൃതാര്‍തഥയോടെ വീട്ടിലേക്ക് മടങ്ങി.ഏതൊരു പരീക്ഷയ്ക്കും ഒരു അന്ത്യദിനം അഥവാ 'കഴുത്തറപ്പന്‍'ദിനം ഉണ്ടായിരിക്കുമല്ലോ?അങ്ങനെ ഉത്തരപേപ്പര്‍ കിട്ടുന്ന മോഹനദിനം എന്നിലേക്ക് ഓടിപ്പാഞ്ഞെത്തി.
'എന്‍റെ വിശ്വകലാസൃഷ്ട്ടി പ്രകാശനം ചെയ്യുന്ന ശുഭദിനമാണിന്ന്'.നേരെ സ്കൂളിലേക്ക് വിട്ടു.ക്ലാസ്സ് തയാറായിരുന്നു.ബുദ്ധിജീവിയായ മലയാളം സാര്‍,ഒരു മുട്ടാളത്തിപ്പെണ്ണ്,ആ അലുക്കുലുത്ത് സ്ത്രീ പടനായകയായ ദുഷിച്ചുനാറിയ പെണ്‍വര്‍ഗം,കുണ്ഠന്മാരായ കുറെ വീരശൂരപരാ'കൃമി'കള്‍..............,... എല്ലാവരും അവരുടെ വിജയനൈരാശ്യങ്ങളില്‍ സങ്കടം പുലമ്പുകയും സന്തോഷത്തില്‍ നിമഗ്നരും ആകേണ്ട സുന്ദരനിമിഷത്തെ സസന്തോഷം നോക്കിക്കാണുകയാണ്.
          മലയാളം ഉത്തരപേപ്പര്‍ ഓരോന്നായി കൊടുത്തു തുടങ്ങി.സാര്‍ തന്‍റെ ശിരസ്സിലെ ഭാരം ഓരോന്നായി അഴിച്ച് വച്ചമാതിരി സമാധാനത്തിന്‍റെ ആവി അദ്ദേഹത്തിന്‍റെ ചെവികളിലൂടെ പൊന്തി.എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഏറ്റവും ഒടുവിലായിരുന്നു എന്‍റെ സമ്പാദ്യം.എന്‍റെ ഉത്തരപേപ്പര്‍....,.ഇടക്ക് എന്‍റെ ഉത്തരപേപ്പര്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നും അബദ്ധത്തില്‍ താഴെവീണു.അപ്പോഴൊക്കെ വളരെ അങ്കലാപ്പോടെ ഞാന്‍ നിശ്ശബ്ധമായി മുറവിളികൂട്ടി: ..."ഹേ അദ്ധ്യാപകശ്രേഷ്ഠാ!അങ്ങേയുടെ സുന്ദരങ്ങളായ കരങ്ങളില്‍ ഇരിക്കുന്നത് പഞ്ചപാവമായ നമ്മുടെ വിശ്വകലാസൃഷ്ടിയാകുന്നു.അത്കൊണ്ടുതന്നെ അവിടുന്ന് വളരെ സൂക്ഷ്മതയോടെ അത് കൈകാര്യം ചെയ്യുവാന്‍ ഈ പാവപ്പെട്ടവന്‍ ആഗ്രഹിക്കുന്നു..ഹാന്‍ഡില്‍ വിത്ത് കെയര്‍!!!!"!!",!!"
         ലേശം കഴിഞ്ഞ്,സാര്‍ ഉത്തരപേപ്പറുമായി എന്‍റെ അടുത്തേക്ക് വന്നു.ശേഷം,തല താഴ്ത്തി അദ്ദേഹത്തിന്‍റെ വട്ടകണ്ണടകളിലൂടെ എന്നെ ഒന്ന് ഒളികണ്ണിട്ട് നോക്കി.എന്തിനെന്ന് യാതൊരു പിടിയുമില്ല!അത്കഴിഞ്ഞ്,ഒരു ആഗോളരഹസ്യംമാതിരി ക്ലാസ് കേള്‍ക്കേ എന്നോട് ചോദിച്ചു:
        "എന്‍റെ ചെറ്ക്കാ..,നിന്‍റെ എഴ്ത്തൊക്കെ നന്നായിട്ടുണ്ട്.പക്ഷെ എനിക്കൊരു സംശയം........വേറൊന്നുമല്ല............ഈ ഡങ്ക് കേക്ക് ഇല്ലേ ഡങ്ക് കേക്ക് അതെവിടയാ സ്ഥലം?.........മ്മ്ട കൊച്ചി അപ്പറത്താണോ?"!!!!!!!!
      ഹാ...ഹാ ക്ലാസില്‍ ഒരു നിശ്ശബ്ദചിരി മുഴങ്ങി.എപ്പേരും എന്നെ നോക്കി കുമുകുമാന്ന് ചിരിച്ചു.എന്‍റെ ദു:ഖത്തില്‍ അവര്‍ തിമിര്‍ത്താടി.സാര്‍ ഇംഗ്ലീഷില്‍ വലിയ പരിജ്ഞാനിയൊന്നും അല്ലല്ലോ?ഒരുപക്ഷെ,അത്കൊണ്ടായിരിക്കാം എന്‍റെ കടുകട്ടിയായ വാക്കുകള്‍ ആ പുരുഷന് ഒറ്റനോട്ടത്തില്‍ പിടികിട്ടാതിരുന്നത്.ഞാനും ചിരിയടക്കാന്‍ പിടിപ്പത് ശ്രമിച്ചു.പക്ഷെ, ചിരി ഒളിക്കാന്‍ ശ്രമിച്ചപ്പോള്‍ ,ആ ശ്രമം ഒരു കോഞ്ഞാട്ടനവരസമായി എന്‍റെ മുഖത്ത് പര്യവസാനിച്ചു.ഒരു അസ്സല്‍ കോഞ്ഞാട്ടവദനനായി ഞാന്‍ സാറിനെ വളരെ താഴ്മയോടെ നോക്കി.ശ്ശെടാ!സാറിന്‍റെ ഒരു വന്‍ കണ്ടുപിടിത്തം ഈ പാവം എങ്ങനെ തെറ്റെന്ന് പ്രസ്താവിക്കും?അതിനുള്ള ശാസ്ത്രസാമഗ്രികളൊന്നും തന്നെ എന്‍റെ പക്കല്‍ സ്റ്റോക്ക്‌ ഇല്ല.സാറിന് യാതൊരുവിധ അപമാനങ്ങളും തട്ടരുതെന്ന ഉറപ്പോടെ ഞാന്‍ വീറോടെ സംസാരിച്ചു:
          "സാറെ,..ഡങ്ക് കേക്ക് അവിടെയൊന്നുമല്ല" ...ഞാന്‍ തുടര്‍ന്നു:അത് നമ്മട കക്കടാശ്ശേരീന്ന് ബൈ പാസ്സ് കേറി ഇടത്തേക്ക് പോകുമ്പഴാ"!!!!
   ഞാനുദ്ദേശിച്ചത് കക്കടാശ്ശേരിയില്‍ നിന്ന് ബൈ പാസ്സിലൂടെ സഞ്ചരിച്ച് ഇടത്തേക്ക് പോകുമ്പോള്‍ ദൃശ്യമാകുന്ന വിശ്വപ്രസിദ്ധമായ സ്ഥലമാകുന്നു ഡങ്ക് കേക്ക്!!"....ഡങ്ക് കേക്ക്!!

       ഞാന്‍ പറഞ്ഞില്ലേ സാറിന് ഇംഗ്ലീഷില്‍ വലിയ പരിജ്ഞാനവും കോപ്പും ഒന്നുമില്ലെന്ന്.പക്ഷേ ഇതൊക്കെ ക്ലാസിലെ ഡോണുകളായ സമരതല്പരന്മാരോട് പറഞ്ഞാല്‍ മനസിലാവ്വോ?.പ്രശ്നം അതല്ല.എന്‍റെ ഈ ഉശിരന്‍ ഡയലോഗ് ക്ലാസിലെ നിശ്ശബ്ധചിരികള്‍ ആയിരമായിരം അട്ടഹാസങ്ങളാക്കി മാറ്റി.അനേകം കണ്ഠങ്ങളില്‍ നിന്ന് വലിയവലിയ ചിരികള്‍ ഉയര്‍ന്നു.സാറിന് കാര്യം ഏതാണ്ടൊക്കെ പിടികിട്ടിയെന്ന് ഞാന്‍ ഊഹിച്ചു.സാറിനത് പരിപൂര്‍ണമായി മനസിലാക്കി കൊടുക്കാനെന്നമാതിരി പെണ്‍വര്‍ഗത്തില്‍ നിന്നും ഒരു മുട്ടാളത്തി സധൈര്യം മുന്നോട്ട് വന്ന് ലോകത്തോടായി ഉച്ചത്തില്‍ പറഞ്ഞു:
                "അതെ!എല്ലാവരും കേള്‍ക്കുന്നുണ്ടോ?ഈ ഡങ്ക് കേക്ക് എന്താണെന്ന് അറിയാമോ?അത് പരിശുദ്ധമായ ചാണകമാണ്!ചാണകം!"!!
     സബാഷ്!എന്‍റെ ജീവന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായെന്ന് എനിക്ക് സ്വബോധ്യമായി.ങും!ആ മുട്ടാളത്തി മുഖേനയാണ് ഈ കിണാപ്പുകള്‍ മുഴുവനും സംഭവിച്ചിരിക്കുന്നത്.പെണ്ണുങ്ങളുടെ തനിനിറം ഇപ്പോള്‍ പകല്‍പോലെ വ്യക്തമായിരിക്കുന്നു.കുണ്ടാമണ്ടികള്‍,!!!..ഇത്തരം ആമോദപൂര്‍ണമായ  ചരിത്രങ്ങള്‍ കാലംതോറും അനേകം അനേകം തവണ ആവര്‍ത്തിക്കുമെന്നാണല്ലോ മറ്റൊരു ചരിത്രം!!....'പെണ്‍വര്‍ഗം തുലയട്ടെ!' ഇപ്പോള്‍ ചെയ്യേണ്ടത് എന്താണെന്ന്‍ അറിയാമോ?..ആ മുട്ടാളത്തിപ്പെണ്ണിനെ ശ്രദ്ധയോടെ ലക്ഷം കഷണങ്ങളാക്കി നുറുക്കുക.ശേഷം,ഓരോ കഷണത്തിലും മൂര്‍ച്ചയുള്ള സൂചികള്‍  ഓരോന്ന് വീതം വളരെ ലാഘവത്തോടെ കുത്തിക്കയറ്റുക.സ്റ്റോക്ക്‌ അനുസരിച്ച് നിങ്ങള്‍ക്ക് ഇതിന്‍റെ എണ്ണം കൂട്ടാവുന്നതാണ്.അത് കഴിഞ്ഞ് എല്ലാറ്റിനെയും സന്തോഷത്തോടെ ചുട്ടു ഭാസ്മമാക്കുക!!.പക്ഷെ ഇതുവല്ലതും അപ്പോള്‍ നടക്കുന്ന കേസുകളാണോ?...അല്ല!!
      താന്‍ സാറിനെ നിഷ്കരുണം ഒരു കോമാളിയാക്കിയിരിക്കുന്നു.ഇതാകുന്നു എന്‍റെ മേല്‍ ഉന്നയിക്കപ്പെട്ടിരിക്കുന്ന തെളിവുരേഖകള്‍. പക്ഷെ,അദ്ദേഹത്തെ അപാരമായ അപമാനത്തില്‍ നിന്നും രക്ഷിക്കാനല്ലേ താന്‍ അപ്രകാരം ചെയ്തത്?ഇനി അത്തരം മുടന്തുന്യായങ്ങള്‍ രംഗത്തിറക്കിയാലും നോ രക്ഷ!സാര്‍ വളരെ ക്രൂരമായ നോട്ടങ്ങള്‍ എന്‍റെ നേര്‍ക്കയച്ചു.അദ്ദേഹത്തിന്‍റെ മൂക്കിന്‍റെ തുമ്പത്ത്,കോപങ്ങളും ലജ്ജയും ഒരു ചുവന്ന മഞ്ഞു തുള്ളിപോലെ പ്രശോഭിച്ചു. അദ്ദേഹം ഗര്‍ജിച്ചു:
         "ഹമ്പട ഊഷ്മാണ്ടാ!...നീ എന്നെ കളിയാക്കുവായിരുന്നല്ലേ?നിനക്ക് ഞാന്‍ ആരാണെന്ന് അറിയാമോഡാ?....
     അദ്ദേഹം എന്നെ തല്ലിയോ എന്ന സംശയം നിങ്ങള്‍ക്ക് ഉണ്ടാവുക അരുത്.അദ്ദേഹം സാമാന്യം ഭേദപ്പെട്ട രീതിയില്‍ എന്നെ അടിച്ചു..പക്ഷെ എന്നെ ശിക്ഷിച്ചത്  മലയാളം സാറല്ലായിരുന്നു മറിച്ച് ആ മാന്യന്‍റെ ഉള്ളിലെ ലജ്ജാപൂരിതമായ വ്യക്തിത്വമായിരുന്നു..അങ്ങനെയോര്‍ത്ത് എനിക്ക് സമാധനിക്കേണ്ടി വന്നു.അല്ലാതെ എന്തു ചെയ്യും?
      'ക്ലാസിനു വെളിയില്‍ പോടാ'....അദ്ദേഹം ആജ്ഞാപിച്ചു.
     അദ്ദേഹത്തിന്‍റെ ശുണ്ഠിയുടെ സംഭാവനയും എന്‍റെ ഉത്തരപേപ്പറും കൈപറ്റി ഞാന്‍ വീട്ടിലേക്ക് മടങ്ങി.അന്നേദിവസം ഒരുപാട് കാര്യങ്ങള്‍ എനിക്ക് വിനയായി തീര്‍ന്നെങ്കിലും വളരെ കാര്യങ്ങള്‍ ശുഭമായും പര്യവസാനിച്ചു.ഒട്ടുവളരെ ചരിത്രനിമിഷങ്ങള്‍ക്ക് എനിക്ക് സാക്ഷ്യം വഹിക്കുവാന്‍ സാധിച്ചു.ഒന്ന്,എന്‍റെ വിശ്വകലാസ്രിഷ്ടിക്ക് ക്ലാസില്‍ വലിയ റേറ്റിങ്ങ് ലഭിച്ചു.രണ്ട്,പെണ്ണുങ്ങള്‍ സൃഷ്ട്ടിക്കുന്ന അനാവശ്യതൊന്തരവുകള്‍ വെളിച്ചത്തായി.കൂടാതെ,പെണ്ണുങ്ങളില്‍ ഏറിയകൂറും തനി മുട്ടാളത്തികളും ശുദ്ധ ബെടക്കുകളാണെന്നുമുള്ള ഒളിഞ്ഞരഹസ്യങ്ങള്‍ പുറത്തുവിടാന്‍ സാധിച്ചു..മൂന്ന്,മലയാളം മാഷിന്‍റെ മൂക്കിന്‍റെ അഗ്രത്തില്‍ ജ്വലിക്കുന്ന അപൂര്‍വ 'ജ്ഞാനക്കുരു' ദര്‍ശിക്കാനുള്ള ഭാഗ്യം ഈ പാവത്തിനുണ്ടായി.ഇത്തരം മേജര്‍കുണ്ടാമണ്ടികള്‍ ഈ മണകുണാഞ്ചന്‍ മുഖേന സംഭവിച്ചതാണെന്ന് പറയുന്നതില്‍ ഞാന്‍ കൃതാര്‍ഥനാണ്.ഇതേചൊല്ലി 'ആശാന്മാരുടെ ആശാന്‍' എന്ന ദിവ്യമോഹനമായ പട്ടം നല്‍കി എന്നെ ആദരിക്കുക മുതലായ യാതൊരു ആവശ്യങ്ങളും സ്വീകാര്യമല്ല എന്ന് ഭൂഗോളത്തില്‍ നിവസിക്കുന്ന മറ്റുബ്ലോഗര്‍മാരെ ഈ ആനന്ദവേളയില്‍ ഞാന്‍ ഉണര്‍ത്തുന്നു.
                                                                                           
                                                                                                  വന്ദനങ്ങള്‍!!!!!!!!!!!.!.,!!

15 comments:

  1. ഹെട ഫയങ്കരാ , ഡങ്ക് കേക്കിന്റെ പ്രാധാന്യം ഇപ്പഴാണ് ശരിക്കും മനസിലായത്. ഇനീം ഇതുപോലെ വന്‍ വെളിപ്പെടുത്തലുകള്‍ പ്രതീക്ഷിക്കുന്നു .

    ReplyDelete
    Replies
    1. മിസ്റ്റര്‍ ഷിബിലി,ഇവിടെ വരെ വന്നതിനും കമന്റിനും വളരെ നന്ദി.

      Delete
  2. നിന്റെ ആശാന്‍ ഞാന്‍
    ആരാടാ ഈ ആശാന്റെ ആശാന്‍ ?????????
    പോസ്റ്റ്‌ കലക്കന്‍ .........

    ReplyDelete
  3. Very bad.........
    I dont like this.next time you want improve

    ReplyDelete
    Replies
    1. ശ്രീമാന്‍ ക്രിസ്തുരാജ്,താങ്കളുടെ കമന്റ്റ് ഗ്രഹിച്ച് അടുത്ത പ്രാവശ്യം ഞാന്‍ കുറച്ച് കൂടി മെച്ചപ്പെടുത്താന്‍ ശ്രമിക്കും എന്ന് വാക്കു തരുന്നു.

      Delete
  4. Adipoli muthe.ninte sahithya srishtikal nannavunnund.oru basheeriyan touchund ellathinum.nalla bhavana,thudarnum ezhuthuka

    ReplyDelete
  5. ഈ സാറിനെ ഒന്ന് കാണാന്‍ പറ്റുമോ ആവോ?
    എന്തായാലും..കൊള്ളാം............

    ReplyDelete
    Replies
    1. മിസ്റ്റര്‍ അലി,ഇദ്ദേഹത്തെ ദര്‍ശിച്ച് കടാക്ഷം നേടുക ഇനി എളുപ്പമാണെന്ന് തോന്നുന്നില്ല.കാരണം,ഇപ്പറഞ്ഞ മഹാന്‍ ഇപ്പോള്‍ വയനാടന്‍ ചുരങ്ങള്‍ക്ക് വളരെ വിദൂരത്തുള്ള ഘോരവനങ്ങളില്‍ ഒറ്റക്കാലില്‍ നിന്ന് നാക്കില്‍ ശൂലവും തറച്ച് വായില്‍ ലേശം പച്ചരിയും വാരിയിട്ട് തപസ്സു ചെയ്യുകയാണെന്നാണ് അറിയുവാന്‍ സാധിച്ചത്.അങ്ങനെയാണ് ചരിത്രം!

      Delete
  6. വളരെ വളരെ നന്നായിട്ടുണ്ട്.എനിക്ക് നന്നായി രസിച്ചു.ചാണകത്തെ അവിസ്മരണീയമായി ചിത്രീകരിച്ചിട്ടുണ്ട്.എന്തായാലും ഇനിയും എഴുത്ത് തുടരുക.നല്ല ആശംസകള്‍..,.

    ReplyDelete
  7. HAMDA KUSHMANDAAAA KALIKITUNDATOOOO......KEEP IT UP MY DEAR YOUNG BLOGER

    ReplyDelete
    Replies
    1. ജസീറിക്കാ,കമന്റിനു വളരെ നന്ദി.

      Delete
  8. ഇയാൾക്ക് എഴുതാൻ കഴിവുണ്ട്
    പക്ഷെ അനുകരണത്തിൽ നിന്ന് സ്വന്തന്ത്രനാവൂ
    ബഷീറിനെയൊക്കെ പൊതുവെ എല്ലാവരും വായിക്കുന്നതാണ്

    ReplyDelete
  9. നല്ല എഴുത്തിന് ആശംസകൾ അംജിത്ത്... ഇനിയും ഇനിയും എഴുതി പ്രശസ്തനാവൂ

    ReplyDelete
  10. ഇക്കാ,വളരെ നന്ദിയുണ്ട്.

    ReplyDelete